This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലൈന്‍, ലോറന്‍സ് റോബര്‍ട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലൈന്‍, ലോറന്‍സ് റോബര്‍ട്ട്

Klein, Lawrence Robert (1920 -)

നോബല്‍ സമ്മാനിതനായ (1980) യു.എസ്. സാമ്പത്തികശാസ്ത്രജ്ഞന്‍. എക്കണോമെട്രിക് മോഡലുകള്‍ (Econometric models) സംബന്ധിച്ച പഠനങ്ങളാണ് ക്ലൈനിന്റെ ശ്രദ്ധേയമായ നേട്ടം. 1920 സെപ്. 14-ന് ഒമാഹാ(നെബ്രാസ്കാ)യില്‍ ജനിച്ചു. കാലിഫോര്‍ണിയാ സര്‍വകലാശാല, മാസച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. നോബല്‍ സമ്മാനിതനായ പോള്‍ സാമുവല്‍സന്റെ കീഴിലാണ് ഇദ്ദേഹം ഗവേഷണം നടത്തി പിഎച്ച്.ഡി നേടിയത് (1944). ഷിക്കാഗോ സര്‍വകലാശാല (1944-47), നാഷണല്‍ ബ്യൂറോ ഒഫ് എക്കണോമിക് റിസര്‍ച്ച് (1948-50), മിഷിഗണ്‍ സര്‍വകലാശാല (1949-54), ഓക്സ്ഫഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്റ്റാറ്റിസ്റ്റിക്സ് (1954-58) എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. 1958 മുതല്‍ പെന്‍സില്‍വേനിയ സര്‍വകലാശാലയില്‍ പ്രൊഫസറാണ്.

ഒസാകാ (1960), കൊളറാഡോ (1962), ന്യൂയോര്‍ക്ക് (1962-63), ഹീബ്രു (ജറൂസലേം, 1964), പ്രിന്‍സ്റ്റണ്‍ (1966), സ്റ്റാന്‍ഫോഡ് (1968), കോപ്പന്‍ഹേഗന്‍ (1974), കാലിഫോര്‍ണിയ ബെര്‍ക്കിലി-ഫോഡ് (1963), ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് (വിയന്ന, 1970-74) എന്നിവിടങ്ങളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. കനേഡിയന്‍ ഗവണ്‍മെന്റ് (1947), അണ്‍ക്ടാഡ് (1966, 67, 75) മാക് മില്ലന്‍ കമ്പനി (1965-74), ഇ.ഐ. ഡുപോണ്‍ ദെ മെമൂര്‍ (1966-68), ന്യൂയോര്‍ക്ക് സ്റ്റേറ്റ് (1969), അമേരിക്കന്‍ ടെലിഫോണ്‍ ആന്‍ഡ് ടെലിഗ്രാഫ് കമ്പനി (1969), ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് (1973), യുനിഡൊ (UNIDO, 1973-75), കോണ്‍ഗ്രഷണല്‍ ബജറ്റ് ആഫീസ് (1977-), കൌണ്‍സില്‍ ഒഫ് എക്കണോമിക് അഡ്വൈസേഴ്സ് (1977-) എന്നിവിടങ്ങളില്‍ കണ്‍സല്‍ട്ടന്റായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വാര്‍ട്ടണ്‍ എക്കണോമെട്രിക് ഫോര്‍കാസ്റ്റിങ് അസോസിയേഷന്‍ ഇന്‍കോര്‍പ്പറേറ്റഡിന്റെ ബോര്‍ഡ് ഒഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ (1969-80), യൂനി-കോള്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍, മൌറിസ്ഫാക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എക്കണോമിക് റിസര്‍ച്ച് (ഇസ്രയേല്‍) ട്രസ്റ്റി (1969-75), ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് (വിയന്ന) ഉപദേശക സമിതിയംഗം (1977-), പെന്‍സില്‍വേനിയാ ഗവണ്‍മെന്റിന്റെ സാമ്പത്തികോപദേശകസമിതി അധ്യക്ഷന്‍ (1976-78), ഫെഡറല്‍ റിസര്‍വ് ബോര്‍ഡില്‍ വിലസമിതിയംഗം (1968-70), ബ്രൂക്കിങ്സ് ഇന്‍സ്റ്റിറ്റ്യൂഷനില്‍ (വാഷിങ്ടണ്‍ ഡി.സി.) എക്കണോമെട്രിക് മോഡല്‍ പ്രോജക്റ്റിലെ മുഖ്യ ഇന്‍വെസ്റ്റിഗേറ്റര്‍ (1963-72), ബ്രൂക്കിങ്സ് പാനല്‍ ഓണ്‍ എക്കണോമിക് ആക്റ്റിവിറ്റിയുടെ ഉപദേശകന്‍ (1970-), മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ എക്കണോമിക് ടാസ്ക് ഫോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ (1976), സ്റ്റാന്‍ഫോര്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്റ്റ്രാറ്റജിക് സ്റ്റഡീസ് സെന്ററില്‍ ഉപദേശകസമിതിയംഗം (1974-76) എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്ത സേവനം നടത്തി. ഇന്റര്‍നാഷണല്‍ എക്കണോമിക് റിവ്യുവിന്റെ എഡിറ്ററായിരുന്ന (1959-65) ക്ലൈന്‍ 1976 മുതല്‍ എംപിരിക്കല്‍ എക്കണോമിക്സിന്റെ എഡിറ്റോറിയല്‍ ബോര്‍ഡംഗമാണ്. മിഷിഗണ്‍ (1977), വിയന്ന (1977), ബോണ്‍ (1979), ബ്രസ്സല്‍സ് (1979), പാരിസ് (1979), മാഡ്രിഡ് (1980) തുടങ്ങി നിരവധി സര്‍വകലാശാലകള്‍ ഓണററി ഡോക്ടറേറ്റ് ബിരുദം നല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് അസോസിയേഷന്‍ ഒഫ് ബിസിനസ് എക്കണോമിസ്റ്റസിന്റെ വില്യം എഫ്. ബട്ട്ലര്‍ അവാര്‍ഡ് (1975), ഗോള്‍ഡന്‍ സ്ളിപ്പര്‍ ക്ളബ് അവാര്‍ഡ് (1977) എന്നീ പുരസ്കാരങ്ങളും ഇദ്ദേഹത്തിനുലഭിച്ചിട്ടുണ്ട്.

ദ് കെയ്നിഷ്യന്‍ റെവലൂഷന്‍ (1947), ടെക്സ്റ്റ് ബുക്ക് ഒഫ് എക്കണോമെട്രിക്സ് (1953), ആന്‍ എക്കണോമെട്രിക് മോഡല്‍ ഒഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ് 1929-52 (1955), വാള്‍ട്ടണ്‍ എക്കണോമെട്രിക് ഫോര്‍കാസ്റ്റിങ് മോഡല്‍ (1967), എസ്സേ ഓണ്‍ ദ് തിയറി ഒഫ് എക്കണോമിക് പ്രെഡിക്ഷന്‍ (1968), ബ്രൂക്കിങ്സ് ക്വാര്‍ട്ടര്‍ലി എക്കണോമെട്രിക് മോഡല്‍ ഒഫ് യു.എസ്. എക്കണോമെട്രിക് മോഡല്‍ പെര്‍ഫോര്‍മന്‍സ് (1976), ദി എക്കണോമിക്സ് ഒഫ് സപ്ളൈ ആന്‍ഡ് ഡിമാന്‍ഡ് (1983), എക്കണോമിക്സ്, എക്കണോമെട്രിക്സ് ആന്‍ഡ് ദ ലിങ്ക് (1995) എന്നിവയാണ് ക്ലൈന്‍ രചിച്ച മികച്ച ഗ്രന്ഥങ്ങള്‍.

ഒട്ടേറെ വിദേശ രാഷ്ട്രങ്ങളില്‍ അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ക്ഷണിതാവായി പങ്കെടുക്കുകയും ചെയ്തുവരുന്നു. എക്കണോമിക്സ് ഫോര്‍ പീസ് ആന്‍ഡ് സെക്യൂരിറ്റി എന്ന സംഘടനയുടെ സ്ഥാപകന്‍ കൂടിയാണ് റോബര്‍ട്ട് ക്ലൈന്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍